സമസ്ത മേഖലകളിലും സ്വകാര്യവൽക്കരണമെന്ന അജണ്ടയുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാർ തപാൽ വകുപ്പിലും സമാനമായ വിറ്റ് തുലയ്ക്കൽ പ്രക്രിയകൾക്ക് മുതിരുകയാണ്.
നഗര ഗ്രാമീണ മേഖലകളിലെ ഒന്നര ലക്ഷത്തിലധികം വരുന്ന തപാൽ - ആർ എം എസ് ഓഫീസുകളിലായി അഞ്ചര ലക്ഷത്തോളം ജീവനക്കാർ ജോലി ചെയ്ത് കാര്യക്ഷമമായി ജനസേവനം നടത്തുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനസേവന മേഖലയാണ് ഇന്ത്യ പോസ്റ്റ്. എന്നാൽ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടകൊണ്ട് ടാസ്ക് ഫോഴ്സ് കമ്മിറ്റി നിർദ്ദേശപ്രകാരം തപാൽ സർവീസിനെ ആറ് യൂണിറ്റുകളായി തരം തിരിക്കാനും അതിൽ ആദ്യത്തെ 5 യൂണിറ്റുകളെ കമ്പനികളായി രൂപമാറ്റം വരുത്തുന്നതിനുമാണ് നിലവിൽ കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. വിവിധ സ്കീമുകളിൽ 40 കോടി അക്കൗണ്ടുകളിലായി 10 ലക്ഷം കോടി രൂപയുടെ മിച്ചനിക്ഷേപമുള്ള സേവിങ്സ് ബാങ്ക്, 142 വർഷത്തെ സേവനപാരമ്പര്യമുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ലാഭമുണ്ടാക്കാൻ കഴിയുന്ന പാഴ്സൽ, സ്പീഡ് പോസ്റ്റ് സംവിധാനം, ഇകോമേഴ്‌സ്, സർക്കാർ സർക്കാരേതര സേവനങ്ങളുടെ വിതരണം എന്നിങ്ങനെ അഞ്ച് പ്രത്യേക കമ്പനികൾ രൂപപ്പെടുന്നതോടെ വരുമാനമുണ്ടാക്കാൻ കഴിയാത്ത, കത്തിടപാടുകൾ മാത്രം കൈകാര്യം ചെയ്യുന്ന യൂണിറ്റ് മാത്രമായി തപാൽ സർവീസ് ചുരുക്കപ്പെടും. ബാങ്കിംഗ്, ഇൻഷുറൻസ് മേഖല സാർവ്വത്രികമാക്കാനെന്ന പേരിൽ സേവിങ്സ് ബാക്ക് IPPB യിൽ ലയിപ്പിക്കാനും, സുഖമമായ തപാൽ നീക്കത്തിത്തിനും വിതരണത്തിനും തടസ്സം നിൽക്കുന്ന വിധം ആർ. എം. എസ്സിൽ RTN നടപ്പക്കുകയുമാണ്.
സമ്പൂർണ്ണമായ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് 'ഡാക്മിത്ര' എന്ന പദ്ധതി വഴി സ്വകാര്യ ഫ്രാഞ്ചയ്‌സികൾക്ക് അനുമതി നൽകികൊണ്ടിരിക്കുന്നത്. ഇതുവഴി സമാന്തര സ്വകാര്യ പോസ്റ്റ് ഓഫീസുകൾ തുറക്കപെടുകയാണ്.
ഇതിനെതിരെ രാജ്യവ്യാപകമായി FNPO - NFPE സംഘനകൾ സംയുക്തമായി 2022 ഓഗസ്റ്റ് 10 ന് ഏക ദിന പണിമുടക്കം നടത്തുകയാണ്. നിലനിൽപ്പിനും തൊഴിൽ സുരക്ഷക്കും വേണ്ടിയുള്ള ഈ ധർമ്മ യുദ്ധത്തിൽ തൊഴിലാളികളുടെ ഐക്യനിര കൂടുതൽ ശക്തമായി ഉയർന്നു വരേണ്ടതുണ്ട്.
0 Comments